---
title: "നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരക്ക് വധശിക്ഷ, 20 ലക്ഷം പിഴയും"
english_title: "Nemamara Double Murder Case: Court Sentences Chenthamara to Death, 20 Lakh Fine"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373489/nemmara-double-murder-chenthamara-death-sentence-palakkad-court`"
published_at: "2026-07-20T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dcbdd03a06_1000183727.jpg"
keywords: ["Chenthamara", "Double Murder", "Palakkad Court", "Sudhakaran"]
---

# നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരക്ക് വധശിക്ഷ, 20 ലക്ഷം പിഴയും

> **Lead Summary:** പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരക്ക് വധശിക്ഷ വിധിച്ച് കോടതി.

## Article Content

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരക്ക് വധശിക്ഷ വിധിച്ച് കോടതി.

പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ചാണ് കോടതി വധശിക്ഷ വിധിച്ചത്. ഇരുഭാഗങ്ങളുടെയും വിശദമായ വാദങ്ങൾ കേട്ട ശേഷമായിരുന്നു വിധി.

ചെന്താമര 20 ലക്ഷം രൂപ പിഴ അടക്കണമെന്നും ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. തുക നൽകാൻ കഴിയുന്നില്ലെങ്കിൽ സർക്കാർ സഹായം നൽകണം. പിഴ അടച്ചില്ലെങ്കിൽ അധികമായി 3 വർഷം തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

> പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് സൈക്കോളജി, സൈക്യാട്രി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതായി കോടതി പറഞ്ഞു. "ഗാന്ധിയല്ല താൻ. ഞാൻ അങ്ങോട്ട് പ്രശ്നത്തിന് പോകില്ല. ഇങ്ങോട്ട് വന്നാൽ വെറുതെ വിടില്ല" എന്നാണ് ചെന്താമര കോടതിയിൽ പറഞ്ഞതെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.

പ്രതിയെ പ്രകോപിപ്പിച്ചു എന്നതാണ് കൊലപാതകത്തിനുള്ള കാരണമായി പ്രതി പറഞ്ഞത്. എന്നാൽ ഇരകളുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കൊല്ലപ്പെട്ട സുധാകരന്റെ മകളുടെ കാര്യത്തിൽ പ്രതി കുറ്റബോധം കാണിച്ചെങ്കിലും മാനസാന്തരപ്പെടാനുള്ള സാധ്യതയില്ലെന്ന് കോടതി വ്യക്തമാക്കി.

ജാമ്യം ലംഘിച്ചാണ് കൊലപാതകങ്ങൾ നടത്തിയത്. വീണ്ടും കുറ്റം ചെയ്യാൻ സാധ്യതയുള്ളയാളാണ് ചെന്താമരയെന്ന് ജില്ലാ പ്രോബേഷൻ ഓഫീസറുടെ റിപ്പോർട്ടും കോടതി പരിഗണിച്ചു. സമൂഹത്തിന് ഭീഷണിയായ പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373489/nemmara-double-murder-chenthamara-death-sentence-palakkad-court`)